
കൊച്ചി: കേരളത്തിന്റെ വാണിജ്യ ഹൃദയമായ എറണാകുളം മാർക്കറ്റിന്റെ പുതിയ മന്ദിരത്തെ പൂർണ്ണമായും ഹരിതോർജ്ജത്തിലേക്ക് (Green Energy) നയിക്കാൻ കൊച്ചി നഗരസഭ ഒരുങ്ങുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) സാമ്പത്തിക പങ്കാളിത്തത്തോടെ, എറണാകുളം മാർക്കറ്റ് കോംപ്ലക്‌സിനെ സമ്പൂർണ്ണ സൗരോർജ്ജ നിയന്ത്രിത വിപണിയാക്കി മാറ്റുന്ന ബൃഹത്തായ പദ്ധതിക്കാണ് കൊച്ചി നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്.
നിലവിൽ പുതിയ മാർക്കറ്റ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന 40 കിലോവാട്ട് (kW) സോളാർ പ്ലാന്റ് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, മാർക്കറ്റിലെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശേഷിയുള്ള പുതിയ പ്ലാന്റ് സ്ഥാപിച്ച് മാർക്കറ്റിനെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ നഗരസഭ തീരുമാനിച്ചത്.
നിലവിലുള്ള സംവിധാനത്തോട് ഒപ്പം 80 കിലോവാട്ടിന്റെ പുത്തൻ ഗ്രിഡ്-ടൈഡ് (Grid-Tied) സോളാർ പവർ പ്ലാന്റ് കൂടി സ്ഥാപിക്കുന്നതാണ് പുതിയ പദ്ധതി. ഇതോടെ എറണാകുളം മാർക്കറ്റ് കോംപ്ലക്‌സിന്റെ ആകെ സൗരോർജ്ജ ഉൽപ്പാദന ശേഷി 120 കിലോവാട്ടായി ഉയരും. ഈ മാറ്റത്തിലൂടെ മാർക്കറ്റിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉൽപ്പാദിപ്പിക്കാനും, അതുവഴി കൊച്ചി നഗരസഭയ്ക്ക് പ്രതിമാസ പ്രവർത്തനച്ചെലവുകളിൽ വൻതോതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാനും സാധിക്കും. അത്യാധുനിക ഗ്രിഡ്-ടൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി പകൽ സമയങ്ങളിൽ മാർക്കറ്റിലെ ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി (KSEB) ഗ്രിഡിലേക്ക് നേരിട്ട് കൈമാറാനുള്ള സൗകര്യവും ഇതിലൂടെ ഒരുങ്ങുന്നുണ്ട്.
സോളാർ ഫോട്ടോവോൾട്ടെയ്‌ക് ഗ്രിഡ്-ടൈ സിസ്റ്റത്തിന്റെ വിതരണത്തിനും ഇൻസ്റ്റാളേഷനുമായി 42,29,089.10 രൂപയാണ് (നാൽപ്പത്തിരണ്ട് ലക്ഷത്തി ഇരുപത്തിഒൻപതിനായിരത്തി എൺപത്തിയൊൻപത് രൂപ പത്ത് പൈസ) ചെലവ് കണക്കാക്കുന്നത്.
കൊച്ചി നഗരസഭയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും, പുതിയ എറണാകുളം മാർക്കറ്റ് മന്ദിരത്തിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും കൊച്ചി മേയർ അറിയിച്ചു.
നഗരത്തിന്റെ ഹരിത വികസനത്തിന് വലിയ കൈത്താങ്ങായ കൊച്ചിൻ ഷിപ്പ്‌യാർഡിന് മേയർ നന്ദി രേഖപ്പെടുത്തി. സമയബന്ധിതമായി തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും എന്ന് മേയർ അറിയിച്ചു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ബഹു മേയറുടെ ചേമ്പറിൽ നടന്ന എഗ്രിമെന്റ് ഒപ്പ് വെക്കൽ ചടങ്ങിൽ ബഹു മേയറോടൊപ്പം നഗരസഭ സെക്രട്ടറി പി എസ് ഷിബു, കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം മേധാവി പി. എൻ. സമ്പത്കുമാർ, സി എസ് ആർ വിഭാഗം മാനേജർമാരായ ശശീന്ദ്രദാസ് പി എസ്, യൂസഫ് എ കെ, സി - ഹെഡ് ഡയറക്ടർ ഡോ. രാജൻ സി തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google









